Tuesday, December 30, 2008

പ്രിയപ്പെട്ടവരേ വിട


സലാം ബൂലോകരേ..

ഇവര്‍ എന്‍റെ അയല്‍വാസികള്‍,സുഹൃത്തുക്കള്‍.ബാംഗ്ലൂരിലേക്ക് പുറപ്പെട്ടതായിരുന്നു എല്ലാവരും കൂടെ.പക്ഷെ...!

കൊയിമ്പത്തൂരിലെ മരണം ഒളിഞ്ഞിരിക്കുന്ന ഏതോ ഒരു വളവില്‍ വച്ചായിരുന്നു ഉറ്റ സുഹൃത്തുക്കള്‍ മരണത്തിന്‍റെ മാലാഖയുടെ കൈ പിടിച്ച് രക്ഷിതാവിങ്കലേക്ക് യാത്രയായത്.ഖത്തറില്‍ നിന്നും അവധിക്ക് വന്ന് ബാല്യകാല സുഹൃത്തുക്കളുടെ അന്ത്യനിമിഷത്തിനു സാക്ഷിയാകാനായിരുന്നു അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട,കുന്നത്തുകാര്‍ സ്നേഹത്തോടെ പട്ടു എന്ന് വിളിക്കുന്ന റിയാസിന്‍റെ ദുര്‍വിധി.കുന്നത്തെ പീടികയിലെ പഴം ജ്യൂസിനു വേണ്ടി ശണ്ഡ കൂടിയിരുന്നത്,സി.എച്ച് യത്തീം ഖാനയുടെ മതിലിനു സമീപമുള്ള കലുങ്കില്‍ ഇരുന്ന് സ്വപ്നങ്ങള്‍ക്ക് നിറം കൊടുത്തിരുന്നത്...!എല്ലാമെല്ലാം ഇനി ഓര്‍മകള്‍ മാത്രം.കഴിയില്ലല്ലോ നമുക്ക് വിധിയെ തടുക്കാന്‍.

ഇന്നു പുലര്‍ച്ചെ ഒരു നാലു മണിയായിക്കാണും അനുജന്‍റെ കോള്‍ വരുമ്പോള്‍.വാര്‍ത്ത കേട്ട് കാതുകളെ വിശ്വസിക്കാനാവാതെ ഞാന്‍ എഴുന്നേറ്റിരുന്നു.നമ്മെ പോലെ തന്നെ ഖല്‍ബില്‍ ഒരുപാടു മോഹങ്ങളുമായി ജീവിച്ചവര്‍.രണ്ടു നാള്‍ മുന്‍പു വരെ 050 യില്‍ തുടങ്ങുന്ന ഇത്തിസലാത്ത് നമ്പറിലോട്ടൊന്ന് വിരലമര്‍ത്തിയാല്‍ ഉടനെ എന്‍റെ വിളിക്കുത്തരം നല്‍കിയിരുന്നവന്‍...!ഹൊ..ചിന്തകള്‍ക്ക് തീ പിടിക്കുന്നല്ലോ.തല്‍ക്കാലം നിര്‍ത്തട്ടെ ഞാന്‍.

ഈ ലോകത്തു നിന്നും,ഞങ്ങളുടെ കണ്മുന്നില്‍ നിന്നും
നിങ്ങള്‍ ഓടി മറഞ്ഞെങ്കില്‍...!
മരണമില്ലാത്ത ഓര്‍മ്മകളില്‍-
നിങ്ങള്‍ ഇനിയും ജീവിക്കും പ്രിയപ്പെട്ടവരേ...

കുഞ്ഞുന്നാളിലെപ്പോഴോ കേട്ട പൂന്താനത്തിന്‍റെ ഒരു കവിതാശകലം ഓര്‍മ്മ വരുന്നു.'കണ്ടു കണ്ടങ്ങിരിക്കും മര്‍ത്യനെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍'.
അവധി കഴിഞ്ഞ് ഇന്നോ നാളെയോ അബൂദാബിയിലേക്ക് തിരികെ വരാന്‍ ഇരിക്കുകയായിരുന്നു ഷഫീര്‍.അതെ പ്രിയപ്പെട്ടവരേ.എല്ലാം ഭവാന്‍റെ ലീലാ വിലാസങ്ങള്‍.അവന്‍റെ മുന്നില്‍ നാമെത്ര ദുര്‍ബലര്‍...!ഊഴവും കാത്തിരിക്കുന്നവര്‍.

പ്രവാചകന്‍ മുഹമ്മദിന്‍റെ (സ.) ഒരു വചനം ഞാനിവിടെ കുറിക്കുന്നു.'ഒരുപാടു കാലം ഈ ഭൂമിയില്‍ ജീവിക്കും എന്നുള്ള ചിന്തയില്‍ ഈ ലോകത്തിനു വേണ്ടി നിങ്ങള്‍ അധ്വാനിക്കുക.എന്നാല്‍ നാളെ തന്നെ മരിക്കും എന്ന ചിന്തയില്‍ നിങ്ങളുടെ പരലോകത്തിനു വേണ്ടിയും അധ്വാനിക്കുക.'

പരലോകത്തെ നാം മറന്നിട്ടുണ്ടെങ്കില്‍ ഒരു പുനഃചിന്തനത്തിനുള്ള സമയം ഇനിയും വൈകിയിട്ടില്ലെന്ന് ഓര്‍ക്കുക.എന്‍റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന അപേക്ഷയോടെ.

4 comments:

കരീം മാഷ്‌ said...

വാര്‍ത്ത വായിച്ചിരുന്നു.
വിഷമം തോന്നി.
പരലോക മോക്ഷത്തിനായി ഞാനും പ്രാര്‍ത്ഥിക്കാം

കാസിം തങ്ങള്‍ said...

ജിപ്പൂസ്, ഈ ദാരുണ സം‌ഭവം പോസ്റ്റാനുള്ള മനക്കരുത്തില്ലായിരുന്നു ഇന്ന്. അതിനാല്‍ വേണ്ടെന്നു വെച്ചു. ഷെഫീര്‍ എന്റെ വീടിന്റെ രണ്ട് വീട് മാത്രം തെക്ക്. ഷമീറിന്റെ വീട് എന്റെ വീടിന്റെ വടക്ക് മാറി നാലാമത്തെത്. ഹര്‍ഷാദ് രണ്ട വര്‍ഷം മുമ്പു വരെ എന്റെ വീടിന്റെ തൊട്ട് പടിഞ്ഞാറായിരുന്നു താമസം. ഹാദിക് ഒരല്പം മാറിയാണെങ്കിലും ഞാന്‍ ട്യൂഷന്‍ പഠിപ്പിച്ചിട്ടുള്ള എന്റെ വിദ്യാര്‍തഥിയായിരുന്നു. ഈ പ്രിയപ്പെട്ടവരുടെ വിടവാങ്ങലിനെക്കുറിച്ച് എഴുതുമ്പോള്‍ മനസ്സ് വിങ്ങുന്നു. ഒരാഴ്ചയായി ജിപ്പൂസിന്റെ പോസ്റ്റുകള്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ചേറ്റുവക്കാരനായ ജിപ്പൂസിന്റെ പോസ്റ്റ് ഞാന്‍ സത്യമായും പ്രതീക്ഷിച്ചിരുന്നതാണ്. ആ പ്രിയപ്പെട്ടവരുടെ ആഖിറം അല്ലാഹു വെളിച്ചമാക്കട്ടെ. ആമീന്‍.

ഞാന്‍ ആചാര്യന്‍ said...

ദു:ഖത്തില്‍ പങ്കു ചേരുന്നു

ജിപ്പൂസ് said...

ദുഖ:ത്തില്‍ പങ്കു ചേര്‍ന്ന എല്ലാ സുഹ്രുത്തുക്കള്‍ക്കും നന്ദി.
അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു.

LinkWithin

Related Posts with Thumbnails