Tuesday, December 23, 2008

ഞാന്‍ മുസ്ലിം

രണ്ടു കുറി കുഞ്ഞാലി.
ഒരു കുറി അബ്ദുല്‍ റഹ്മാന്‍.
ഉബൈദില്‍ താളമിട്ടവന്‍
മോയിന്‍ കുട്ടിയില്‍ മുഴങ്ങിപ്പെയ്തവന്‍.
'ക്രൂര മുഹമ്മദരുടെ ' കത്തി കൈവിട്ടില്ലെങ്കിലും,
മലബാര്‍ നാടകങ്ങളില്‍ നല്ലവനായ അയല്‍ക്കാരന്‍.

ഒറ്റക്കണ്ണനും എട്ടുകാലിയും,
മുങ്ങാങ്കോഴിയുമായി ഞാന്‍-
നിങ്ങളെ ചിരിപ്പിച്ചു.
തൊപ്പിയിട്ടു വന്ന അബ്ദുവിന്‍റെ
പകയും പൂക്കോയ തങ്ങളുടെ പ്രതാപവുമായി.
ന്‍റെ വീടര്‍ ഉമ്മാച്ചുവും,പാത്തുമ്മയുമായി,
കാച്ചിയും തട്ടവുമണിഞ്ഞ് മൈമൂന നിങ്ങളെ പ്രലോഭിപ്പിച്ചു.

ഒരു നാളുണര്‍ന്നു നോക്കുമ്പോള്‍ സ്വരൂപമാകെ മാറിയിരിക്കുന്നു:
തൊപ്പിക്കു പകരം കുഫിയ്യ
കത്തിക്കു പകരം തോക്ക്.
കളസം നിറയെ ചോര-
ഖല്‍ബിരുന്നിടത്ത് മിടിക്കുന്ന ബോബ്.
കുടിക്കുന്നത് ഖഗ് വ
വായിക്കുന്നത് ഇടത്തോട്ട്.
പുതിയ ചെല്ലപ്പേരു 'ഭീകര വാദി'

ഇന്നാട്ടില്‍ പിറന്നു പോയി,
ഖബര്‍ ഇവിടെത്തന്നെയെന്നുറപ്പിച്ചിരുന്നു.
ഇപ്പോള്‍ വീടു കിട്ടാത്ത യത്തീം.
ആര്‍ക്കുമെന്നെ തുറുങ്കിലക്കാം.
ഏറ്റുമുട്ടലിലെന്നു പാടി കൊല്ലാം.
തെളിവൊന്നു മതി: എന്‍റെ പേരു.

ആ നല്ല മനിസനാകാന്‍ ഞാനിനിയും
എത്ര നോമ്പുകള്‍ നോല്‍ക്കണം ?
ഇഷ്ഖിനെക്കുറിച്ചുള്ള ഒരു ഗസലിന്നകത്ത്-
വെറുമൊരു ഖയാലായി മാറാനെങ്കിലും...!

കുഴിച്ച് മൂടിക്കോളൂ ഒപ്പനയും കോല്‍ക്കളിയും ദഫ്മുട്ടും

പൊളിച്ചെറിഞ്ഞോളൂ കപ്പലുകളും മിനാരങ്ങളും
കത്തിച്ചു കളഞ്ഞോളൂ മന്ത്ര വിരിപ്പുകളും വര്‍ണ്ണ ചിത്രങ്ങളും.

തിരിച്ചു തരൂ എനിക്കെന്‍റെ മുഖം മാത്രം.
എല്ലാ മനുഷ്യരേയും പോലെ-
ചിരിക്കുകയും കരയുകയും ചെയ്യുന്ന,
സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന,
ന്‍റെ മുഖം മാത്രം.

സച്ചിതാനന്ദന്‍

1 comment:

Anonymous said...

“ ഒരു നാളുണര്ന്നു നോക്കുമ്പോള് സ്വരൂപമാകെ മാറിയിരിക്കുന്നു:
തൊപ്പിക്കു പകരം 'കുഫിയ്യ'
കത്തിക്കു പകരം തോക്ക്.
കളസം നിറയെ ചോര-
ഖല്ബിരുന്നിടത്ത് മിടിക്കുന്ന ബോബ്.
കുടിക്കുന്നത് 'ഖഗ് വ'
വായിക്കുന്നത് ഇടത്തോട്ട്.
പുതിയ ചെല്ലപ്പേരു 'ഭീകര വാദി' “
സച്ചിദാനന്ദന്റെ സംഗതികള് ഒക്കെ കൊള്ളാം., അങ്ങനെ പെട്ടന്ന് ഒരുനാള് കൊണ്ട് മാറിയതല്ലല്ലോ സാറെ ഈ രൂപമൊക്കെ. ഇതിന്റെ പിന്നിൽ വളരെകാലത്തെ ശ്രമങ്ങള് ഉണ്ട്. ഭീകര പ്രവർത്തനം നടത്തുന്നവരെ അല്ലെ ഭീകരവാദി എന്നു പറയുന്നത്. പലചരക്ക് കട നടത്തുന്ന നമ്മുടെ ബീരാനിക്കാനെ ആരും ഭീകരവാദി എന്ന് പറയുന്നില്ലല്ലോ അതെന്താണ് ?. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ കാണുന്നില്ല എന്ന് കരുതരുത്. ബംഗ്ലാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ഭായിമാർ ഇവിടെ വന്ന് സുഖതാമസം നടത്തുമ്പോൾ അവർ ഇസ്ലാം നാമധാരി ആയതിന്റെ പെരിൽ തിരൂരങ്ങാടിയിലും, മലപ്പുറത്തെ ടൌണിലും യധേഷ്ടം നടക്കാനുള്ള സ്വാതന്ത്ര്യം നാം നൽകുന്നുണ്ടല്ലോ. അവസാനം ഈ അജ്ഞാതന്മാർ നമ്മുടെ നെഞ്ചത്ത് പടക്കം പൊട്ടിച്ചിട്ട് പോകുമ്പോൾ ഒന്നും അറിയാത്ത ( മതത്തിന്റെ നിയമങ്ങളെ കുറിച്ചും അനുശാസനയെ കുറിച്ചുമല്ലാതെ) ഈ പാവം കാക്കമാര് നിയമപാലകർ മുൻപിൽ ഭീകരവാദിയെ സംരക്ഷിച്ചവൻ എന്ന പട്ടം വാങ്ങി നിൽക്കുന്ന കാഴ്ച്ച വളരെ ദയനീയമാണ് എന്ന് പറയാതിരിക്കാൻ സാദിക്കില്ല. കാച്ചും തട്ടവും എന്ന നമ്മുടെ പഴയ കേരളത്തനിമ ഉള്ള ഉമ്മാ മരെ പർയിദ്ദയിലേയ്ക്ക് കുടിയെറ്റിയതും പർദ്ദ എന്ന ഫാഷൻ വസ്ത്രത്തിന്റെ മികവുകൊണ്ടല്ല. താങ്കളുടെ മേൽ ഉദ്ദരിച്ച വരികൾ സത്യത്തോട് വളരെ അടുത്തുനിൽക്കുന്നു എന്നത് ഒരു പച്ച പരമാർത്ഥമാണ്. ഇക്കൂട്ടർ എണ്ണത്തിൽ തുലോം തുച്ഛമെങ്കിലും ഇവർ സമൂഹത്തിൽ നിന്നും വാങ്ങിനൽകുന്ന തങ്ക അങ്കി മുഴുവൻ മുസ്ലീം സമുദായത്തിന്റെ മേലും ചാർത്തപ്പെടുന്നു.
എല്ലാമുസ്ലീംങ്ങളും ഭീകരരല്ല എന്നാൽ പിടിക്കപ്പെട്ടവർ ഒക്കെയും മുസ്ലീംഗൾ തന്നെ. (മലെഗവ് സ്പോടനത്തിന്റെ ഹൈന്ദവ പിതൃത്വം വിസ്മരിക്കുന്നില്ല) ഇത് എന്തുകൊണ്ട് എന്ന് ഇവിടുത്തെ മുസ്ലീം സമുദായക്കാർ ചിന്തിക്കണം. ഹിന്ദുവും മുസൽമാനും, കൃസ്ത്യാനിയും ഒക്കെ എകമനസ്സായി ജീവിച്ചിരുന്ന നാടാണ് കേരളം. ഇവിടെ എങ്ങനെ മാറാടുകൾ ആവർത്തിക്കപ്പെടുന്നു. ഇവിടുത്തെ ഇസ്ലാമിലെ പുതുതലമുറ ആറാം നൂറ്റാണ്ടിലേയ്ക്ക് ദാർശനികമായി മടങ്ങുന്നത് കാണുമ്പോൾ വേദന തോന്നുന്നു.ഇതിന്റെ റിഫ്ലെക്ഷൻ എന്നോണം ചാതുർവണ്ണ്യത്തിന്റെ ചാക്കുകെട്ടഴിക്കുന്ന സവർണ്ണ മേധാവിത്വത്തിന്റെ മുഖചിത്രമാണ് മലെഗാവ് സ്പോടനവും ഉത്തര ദക്ഷിണേന്ത്യയിലെ ജാതിസംഘടനകളുടെ കൊമ്പുകോർക്കൽ കോമാളിത്തരവും വരച്ചുകാട്ടുന്ന്ത്.
ഒരു ഭീകരവാദിയെ അല്ലങ്കിൽ കുറേ ഭീകരപ്രവർത്തകരെ പിടിച്ചതിന് സച്ചിദാനദ്നൻ സാറ് ഇത്രയ്ക്കും വിഷമിക്കെണ്ട കാര്യമുണ്ടോ ? ( വഞ്ചിമുങ്ങി നഷ്ടപ്പെട്ട സാധനം തിരുനക്കര മൈദാനത്ത് തിരഞ്ഞിട്ടെന്താണ് കാര്യം, വഞ്ചി എവിടെ മുങ്ങിയോ അവിടെ വേണം അത് തിരയാൻ അതുതന്നെയാണ് ഇന്ത്യൻ അന്വേഷ്ണ ഏജൻസികൾ ചെയ്യുന്നതും തറ്റ് കുറ്റങ്ങൾ ഉണ്ടാവാം) ഇവിടുത്തെ അന്യമതസ്ഥരും മതമില്ലാത്തവനും യുക്തിവാദിയുമൊക്കെ ഇവിടുത്തെ ഇസ്ലാമുമായി വളരെ അടുത്ത് ഇടപഴകി ജീവിച്ചിരുന്നവർ തന്നെയാണ്. അഭിനവ ഇസ്ലാമിസ്റ്റുകൾ പരസ്പരം ചുറ്റിപിണഞ്ഞിരുന്ന കൈകളിൽ നിന്നും സ്വന്തം കയ്യ് പിൻവലിക്കാൻ ശ്രമിക്കുമ്പോൾ നഷ്ടപ്പെടുന്നത് പരസ്പര വിശ്വാസമാണ്. അബ്ദുവിന്റേയും, അഹമ്മദിന്റേയും വീട്ടിൽ പുതിയ വസ്ത്രരീതി കാണുമ്പോൾ, പുതിയ ആൾക്കാരെ കാണുമ്പോൾ മറ്റുള്ളവർ ഒരു ഭയത്തോടെയും, സംശയത്തോടെയും കാണുന്നു.., എന്താണ് ഇതിന് കാരണം എന്ന് അന്വേഷിക്കേണ്ടതും മുസ്ലീം സമൂഹം തന്നെ. മരിക്കുന്ന മനുഷ്യനെ മതം തിരിച്ച് കാണാതെ, അവനുവേണ്ടി ദുഖിക്കുകയും, ഇനിയും ആവർത്തിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കഴിയട്ടെ!
തിരിച്ചു തരൂ എനിക്കെന്റെ മുഖം മാത്രം.
എല്ലാ മനുഷ്യരേയും പോലെ-
ചിരിക്കുകയും കരയുകയും ചെയ്യുന്ന,
സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന,
എന്റെ മുഖം മാത്രം.
ഇങ്ങനെയും ഒരുകാലം ഉണ്ടായിരുന്നു എന്റെ പാത്തുമ്മയ്ക്കും മറ്റും, ഒപ്പനയും കോല്ക്കളിയും ദഫ്മുട്ടും ഒക്കെ അനിസ്ലാമികമാകാൻ ഇനി അധികം കാത്തിരിക്കേണ്ട,…. ഞങ്ങൾക്ക് ഞങ്ങളുടെ സ്നേഹിക്കുന്ന ഇസ്ലാമിനെ തിരികെ തരു….. അത് അനിസ്ലാമികമെങ്കിലും

LinkWithin

Related Posts with Thumbnails