Monday, January 24, 2011

കറിവേപ്പില ജന്മം



മിനുസമാര്‍ന്ന കൈകളാല്‍
എന്നെ നീ വറചട്ടിയിലെടുത്തിടും.
നനുനനുത്ത മൃദുലമേനിയില്‍
തിളച്ചെണ്ണ കോരിയൊഴിക്കും.
തിരിച്ചും മറിച്ചുമിട്ട് ഹരിതാഭയാര്‍ന്നെന്‍
ശരീരം നീ ചുവപ്പിക്കും.

ഒരു നിമിഷനേരമെങ്കിലും
നിന്നെയാനന്ദിപ്പിക്കാനായാല്‍..
ധന്യമാകുമീ ജന്മം.
അത് തന്നെയല്ലോ
എന്‍ ജീവിത ദൗത്യവും.

കരളുപോലും വെന്തെരിയുന്നു.
പ്രാണവേദനയാല്‍ പിടയുമ്പൊഴും
നിന്‍ മേനി ഒരിക്കലെങ്കിലും
ഞാന്‍ പൊള്ളിച്ചിട്ടുണ്ടോ..

അലമുറകള്‍ക്കൊടുവിലെന്‍
ജീവന്‍ ആവിയായി പൊന്തുമ്പൊഴും
നരകത്തീയില്‍ കിടന്നന്ത്യശ്വാസമെടുക്കുമ്പൊഴും
നിനക്ക് വേണ്ടിയല്ലേ എന്നാശ്വസിക്കും.

അസഹ്യമായ വേദനയാലുള്ള
അലര്‍ച്ചയും ഞരക്കവും
നിന്നെയലോസരപ്പെടുത്തിയോ..
പൊറുക്കൂ ഈയെന്നോട്
മിണ്ടാതെ അനങ്ങാതെ ഒടുങ്ങാം ഞാന്‍.

അവസാനം വാരിക്കൂട്ടി
വലിച്ചെറിയുന്നതിന് മുമ്പൊരു വാക്ക്...

അവജ്ഞയോടിങ്ങനെ
തൊടിയിലെ ചവറ്റുകൂനയിലേക്ക്
എടുത്തെറിയാന്‍ മാത്രം
എന്ത് തെറ്റാണു ഞാന്‍ ചെയ്തത് ?

LinkWithin

Related Posts with Thumbnails