Thursday, December 5, 2013

'ബാബരി; നമുക്ക് മറക്കാതിരിക്കുക'

'ഡിസംബര്‍-6'. ഇന്ത്യന്‍ മതേതരത്വത്തിന്‍റെ 21ആം 
ചരമവാര്‍ഷികം.മുഗള്‍ ഭരണാധികാരി ബാബറുടെ നിര്‍ദ്ധേശപ്രകാരം 1528 ല്‍ അവധ് (അയോധ്യ) ഗവര്‍ണ്ണര്‍ മീര്‍ബാഖി പണി കഴിപ്പിച്ച ബാബറി മസ്‌ജിദ്‌ ഹിന്ദുത്വ ഭീകരര്‍ തല്ലിത്തകര്‍ത്തിട്ട് 21 വര്‍ഷം പിന്നിടുന്നു.നീതിനിഷേധത്തിന്‍റെ, വഞ്ചനയുടെ രണ്ട് പതിറ്റാണ്ട്.മറവി തീണ്ടാതിരിക്കാന്‍ ചില ഓര്‍മ്മപ്പെടുത്തലുകള്‍.. 

സൗഹൃദത്തിലുള്ള മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മിലകറ്റിയാലേ തങ്ങളുടെ താത്പര്യങ്ങള്‍ സം‌രക്ഷിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവില്‍ 1886ല്‍ ഡഫ്രിന്‍ പ്രഭുവിന്റെ കാലത്താണ് ബാബറിയുടെമേലുള്ള കള്ളക്കഥക്കും അവകാശവാദത്തിനും തുനിയുന്നത്.എന്നാല്‍ തെളിവില്ലെന്ന് കണ്ട് അതുമായി ബന്ധപ്പെട്ട മുഴുവന്‍ വ്യവഹാരങ്ങളും കോടതി അവസാനിപ്പിക്കുകയായിരുന്നു.

വിഭജനാനന്തരം ഹിന്ദുത്വ ശക്തികള്‍ രംഗത്തെത്തുന്നതോടെയാണ് ബാബരി മസ്ജിദ് തര്‍ക്കത്തിന് തുടക്കം കുറിക്കുന്നത്.1949 ഡിസംബര്‍ 22 ന്‌ അര്‍ധരാത്രി ബാബറി മസ്‌ജിദിനകത്ത്‌ അതിക്രമിച്ച്‌ കടന്ന ചില അക്രമികള്‍ ശ്രീരാമവിഗ്രഹം പ്രതിഷ്‌ഠിച്ചു.ഫൈസാബാദ്‌ ജില്ലാ മജിസ്ട്രേറ്റും മലയാളിയുമായ കെ.കെ. നായരായിരുന്നു ഇതിനു പിന്നില്‍ നടന്ന ഉപജാപത്തിനു നേതൃത്വം കൊടുത്തത്.പള്ളി പൂട്ടിയിടാനും അനധികൃതമായി നിര്‍മ്മിച്ച സ്ഥലത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ പൂജാരിയെ നിശ്‌ചയിച്ചു നല്‍കാനും പിറ്റേ ദിവസം ഉത്തരവിട്ടതും ഇതേ മജിസ്‌ട്രേറ്റ്‌ തന്നെ!

രാജ്യത്തിന്‍റെ കെട്ടുറപ്പിലും ഭാവിയിലും ആശങ്കയുള്ള സന്യാസിമാര്‍ ഉള്‍പ്പെടെയുള്ള ഹിന്ദു സമൂഹം കൊടിയ ഈ അനീതിക്കെതിരെ രംഗത്ത് വന്നതും സന്യാസിയായ അക്ഷയ്‌ ബ്രഹ്‌മചാരി നിരാഹാരസമരം നടത്തിയതും വിസ്മരിക്കാനാവില്ല.

423 വര്‍ഷക്കാലം മുസ്ലിംകള്‍ ആരാധന ചെയ്തു വന്ന പള്ളി അങ്ങനെ 1949 ഡിസംബര്‍ മുതല്‍ 'തര്‍ക്ക മന്ദിരമായി' മാറി. രാജ്യത്ത് ഫാഷിസം അതിന്‍റെ കുടില തന്ത്രങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ തടയാന്‍ ബാധ്യസ്ഥരായ കോണ്‍ഗ്രസ് പക്ഷെ അതിന് വെള്ളവും വളവും നല്‍കുന്ന ദയനീയ കാഴ്ചയാണ് പിന്നീട് രാജ്യം കണ്ടത്. 1949-ല്‍ അക്രമികള്‍ പള്ളിക്കകത്ത്‌ അതിക്രമിച്ചു കടന്ന്‌ വിഗ്രഹം സ്‌ഥാപിച്ചത് തടയാത്തവര്‍, 1986 ഫെബ്രുവരി ഒന്നിന്‌ ഏകപക്ഷീയമായി പള്ളിയുടെ കവാടങ്ങള്‍ ഹിന്ദുത്വര്‍ക്ക് തുറന്നു കൊടുത്തവര്‍, 1989 നവംബര്‍ ഒന്‍പതിനു പള്ളിയുടെ കോമ്പൗണ്ടില്‍ കൈയേറി ശിലാന്യാസം നടത്തിയപ്പോള്‍ നിസംഗരായി നോക്കി നിന്നവര്‍..! 'മതേതരപാര്‍ട്ടി' നടത്തിയ വഞ്ചനയുടെ കഥകള്‍ക്ക് ബാബരി പ്രശ്നത്തോളം തന്നെ പഴക്കമുണ്ട്.കൃത്യമായ പ്രീണന ലക്ഷ്യത്തോടെ രാജീവ്‌ ഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം പോലും അയോധ്യയില്‍ നിന്ന്‌ ആരംഭിച്ച് കോണ്‍ഗ്രസ് അവരുടെ മൃദുഹിന്ദുത്വ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി.

രാജ്യത്തിന്‍റെ ഒരറ്റത്ത് നിന്നും മറ്റൊരറ്റത്തേക്ക് മനുഷ്യന്‍റെ ചുടുചോര ഇന്ധനമായി നിറച്ച ഭീകരതയുടെ രഥമുരുണ്ടത്, പോകുന്നിടത്തെല്ലാം ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം മുസ്ലിം സമൂഹം വേട്ടയാടപ്പെട്ടത്, സ്ത്രീകളുടെ മാനം തെരുവിലിട്ട് ചവിട്ടിയരക്കപ്പെട്ടത്, കാലിലെ ചുവപ്പ് മാറാത്ത പിഞ്ചു കുഞ്ഞുങ്ങളെ പോലും ചുട്ടുകരിച്ചത്, ശൂലത്തില്‍ നാട്ടിയത്..

ഇല്ല കഥാവശേഷനായ ഉരുക്കു മനുഷ്യാ...താന്‍ ചെന്നായയുടെ ജന്മം വിട്ടെന്നും ചോരയിറ്റുന്ന കോമ്പല്ലുകള്‍ അപ്രത്യക്ഷമായെന്നും വെന്തുപാകമായ മനുഷ്യശരീരങ്ങള്‍ ഇന്ന് തന്‍റെ ഇഷ്ടഭോജനമല്ലെന്നും താനൊരു 'ആട്ടിന്‍ കുട്ടിയായി' പരിണാമപ്പെട്ടെന്നും ആരൊക്കെ പാടിപ്പറഞ്ഞാലും ഖല്‍ബില്‍ കൊളുത്തി വലിച്ചിരുന്ന കാഴ്ചകള്‍ മായ്ക്കാന്‍, ബോബെയുടെ തെരുവീഥികളില്‍ അനാഥമായി കിടന്ന മുസ്ലിം കബന്ധങ്ങള്‍ കഴുകന്മാരും നായ്ക്കളും കടിച്ചു കീറുന്നത് മറക്കാന്‍ ഇന്ത്യന്‍ ജനതക്കാവില്ല.

അവസാനം മതേതര ഇന്ത്യയുടെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍‌പിച്ച്, ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയതയുടെ വന്‍‌മതില്‍ കെട്ടിപ്പൊക്കി, നീതിനിയമസം‌വിധാനങ്ങളും മതേതരമൂല്യങ്ങളും കാറ്റില്‍ പറത്തി, രാജ്യത്തിന്‍റെ യശസിന് തീരാകളങ്കം ചാര്‍ത്തി, 1992 ഡിസംബര്‍ 6ന് ഹിന്ദുത്വര്‍ പള്ളി തകര്‍ത്തെറിഞ്ഞു.പള്ളിമിനാരങ്ങള്‍ നമ്മുടെ പുകള്‍ പെറ്റ മതേതരത്വത്തോടൊപ്പം നിലം പൊത്തുന്നതറിഞ്ഞിട്ടും നരസിംഹ റാവുവെന്ന രാജ്യം കണ്ട എക്കാലത്തേയും വലിയ വഞ്ചകനായ ഭരണാധികാരി അറിയാവുന്ന പതിനാറ് ഭാഷകളിലും മൗനം പാലിച്ചു.സ്വന്തം ഭവനത്തിലെ പൂജാമുറിയില്‍ കയറി വാതിലടച്ച് 'പ്രാര്‍ഥനാനിരതനായി' കഴിഞ്ഞു കൂടി തന്‍റെ കൂറ് ആരോടെന്ന് തെളിയിച്ചു.

ബാബരി വിഷയത്തില്‍ നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കാന്‍ ഭരണനിയമ സംവിധാനങ്ങള്‍ക്കും കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും കഴിയാതെ പോയത് ബാബരിയുടെ ഇന്ന് വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും.ബഹു നില കെട്ടിടം പണിത് മുകള്‍ നിലയില്‍ സുജൂദും താഴെ മണിയടിയും നടക്കട്ടെയെന്ന് മൊഴിഞ്ഞ വിപ്ലവ പാര്‍ട്ടിക്കാര്‍ക്കും തിരിഞ്ഞിട്ടില്ല ബാബരിയുടെ വേദന.

ബാബരി മസ്ജിദ് പതിയെ വിസ്മൃതിയിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. 'മതേതര പ്രതിബദ്ധത' തെളിയിക്കാന്‍ ഡിസംബര്‍ ആറിന് പാര്‍‌ലിമെന്‍റില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേതായി നടന്നു വരാറുള്ള കലാപരിപാടി തുണി പൊക്കിക്കാട്ടിയുള്ള ഇറങ്ങിപ്പോക്കും അവസാനിച്ചെന്ന് തോന്നുന്നു. ഇങ്ങള് മറന്നോളിന്‍..ഷെമിച്ചോളിന്‍..മൂരി ബിരിയാണി തിന്ന് തടിയും നന്നാക്കി മുക്രയിട്ട് നടന്നോളിന്‍ എന്ന ഉപദേശങ്ങളും സമുദായത്തിനുള്ളില്‍ നിന്ന് തന്നെ കേട്ട് തുടങ്ങിയിരിക്കുന്നു..

ക്ഷമിക്കുക പ്രിയരേ..ആരൊക്കെ മറന്നാലും മരണമെത്തും വരെ മറവി തീണ്ടാതെ സൂക്ഷിക്കും ഞങ്ങള്‍.ആര്‍ക്കൊക്കെ അനിഷ്ടകരമാണെങ്കിലും പകര്‍ന്ന് നല്‍കും തലമുറകള്‍ക്ക്.കാരണം മറവിയില്‍ തന്നെയാണ് ഫാഷിസത്തിന്‍റെ വളര്‍ച്ച.

'ഡിസംബര്‍ 6'; നമുക്ക് മറക്കാതിരിക്കുക. 

Saturday, November 9, 2013

ചിറകുമുളച്ചവരേ സഹായിക്കുമോ..

നൂറു നിലയുള്ള ആ ബുർജ്ജിന്റെ ടെറസിൽ നിന്ന് താഴേക്കൊന്ന് ചാടണം.കണ്ണും അടച്ച്‌ പിടിച്ച്‌ കാറ്റിലലിഞ്ഞിങ്ങനെ പാറി നടക്കണം.നോക്കെത്താ ദൂരത്ത്‌ പഞ്ഞികെട്ടുമായി ഒഴുകിപ്പരന്നിരുന്ന മേഖക്കീറൊന്ന് തൊട്ട് നോക്കണം.ഒക്കത്തിരുത്തി പണ്ടുമ്മ ചൂണ്ടികാണിച്ചു തന്നിരുന്ന അമ്പിളി മാമനോട് 'താമരക്കുമ്പിളിലെന്തുണ്ടെന്ന്'തൊട്ടൊരുമ്മി നിന്നൊന്ന് ചോദിക്കണം.നക്ഷത്രക്കുഞ്ഞുങ്ങളെകൈക്കുമ്പിളില്‍ കോരിയെടുത്ത് മുത്തം കൊടുക്കണം.

'ദാ വരണ്‌ കുഞ്ഞുമോന്റെ ഉപ്പ' എന്നുമ്മ ദിനം പറഞ്ഞ് പറ്റിച്ചിരുന്ന ആ വീമാനത്തിന്റെ വാതിലൊന്ന് വലിച്ച് തുറക്കണം.ഏടെ ന്റെ കുഞ്ഞുപ്പാന്ന് കണ്ണു തുറുപ്പിച്ച് വീമാനത്തിന്റെ ബാക്കല്‌ നിക്കുന്ന 'കിളി'യോടൊന്ന് ചോയ്ക്കണം.വീടിന്‍റെ മോളിലെത്തീട്ടും ഓലെറക്കിക്കൊടുക്കാണ്ടാവും ന്‍റുപ്പാനെ.കൊല്ലം കൊറായേ കുഞ്ഞു മോന് മുട്ടായീം കൊണ്ടുപ്പ വരല് തൊടങ്ങീട്ട്!

പണ്ടിന്‍റെ പാത്തുക്കോഴീന്‍റെ സുന്ദരിക്കുട്ടീനേം റാഞ്ചിയെടുത്ത് പറന്നു കളഞ്ഞ ദുഷ്ടന്‍ പരുന്തച്ചന്‍ ആര്‍ത്തിയോടെ താഴേക്കും നോക്കി ഇപ്പൊഴും വട്ടമിടുന്നുണ്ട് ആകാശത്ത്.അന്ന് കരഞ്ഞുകരഞ്ഞിന്‍റെ കണ്ണീരെല്ലാം വറ്റീട്ട്ണ്ട്.കൊക്കിക്കൊക്കി പാത്തൂന്‍റെ ഒച്ചയെല്ലാം പോയിട്ടുണ്ട്.കാണട്ടെ കോയിക്കുട്ടീനെ തിരിച്ചു തരാന്‍ പറയണം.അല്ലെങ്കിത്തന്നെ ഓന്‍‌ക്ക് ഓന്‍റെ കുട്ടിണ്ടാവൂലേ!

ഏഴാനാകാശത്ത്‌ പടച്ചോനെ കണ്ടാൽ നീട്ടിയൊരു സലാം പറയണം.വെല്ലിമ്മാനെ, മറ്റമ്മാനെ, ന്‍റെ കമാല്‍ മാമാനെ എന്തിനാ പടച്ചോനേ ജ്ജ് കൊണ്ടോയേന്ന് ചോയ്ക്കണം.മാമ പോയേപിന്നെ പെരുന്നാളിന് പടക്കം കിട്ടീട്ടില്ല.വായിക്കാന്‍ കുഞ്ഞാപ്പൂന്‍റെ കഥകള്‍ കിട്ടീട്ടില്ല.അരക്ക് താഴെ തളര്‍ന്ന് കിടപ്പായിരുന്നെങ്കിലും മാമയുടെ പോലെ കഥകളുടെ ലോകത്തേക്ക് കൈപിടിച്ചാരും കൊണ്ടുപോയിട്ടില്ല.വെള്ളത്തുണീം ചുറ്റി മറ്റമ്മാനെ(ഉമ്മാന്‍റെ ഉമ്മ) കട്ടിലിലേറ്റി കൊണ്ടോയോണ്ടല്ലേ വിരുന്ന് വരുമ്പോ മുട്ട പൊരിച്ചതും തിരിച്ച് പോവുമ്പോ നാരങ്ങാ മുട്ടായി വാങ്ങിക്കാന്‍ ചില്ലറയും കിട്ടാഞ്ഞത്.

വെല്ലിമ്മാനെ നിസ്കാരക്കുപ്പായോം ഇടീച്ച് അത്തറും പൂശി തലേക്കെട്ട് കെട്ടിയ ഉസ്ത്താക്കന്മാര് പള്ളിക്കാട്ടിലേക്ക് ദിക്ക്റും ചൊല്ലി കൊണ്ടുപോയതില്‍ പിന്നെ ആട്ടും പാല് ആരും വാങ്ങിത്തന്നിട്ടില്ല.മോനും കുഞ്ഞുമോള്‍ക്കും കഞ്ഞിക്ക് കൂട്ടാന്‍ ചമ്മന്തി പോലും തരാന്‍ പറ്റാണ്ട് ന്‍റെ ഐഷുമ്മ സാരിത്തലപ്പു കൊണ്ട് മുഖം പൊത്തിയിരുന്ന് കരഞ്ഞത് വെല്ലിമ്മ ഇല്ലാത്തോണ്ടല്ലേ.അംസക്ക വെല്ലിമ്മാക്കേ കടം കൊടുക്കൂന്ന് ങ്ങക്ക് അറിയൂലേ പടച്ചോനേ..മുസ്തഫാന്‍റെയും ഷിജീബിന്‍റെയും പോലുള്ള തിളങ്ങുന്ന കുപ്പായത്തിനും ബി.എസ്.എ സൈക്കിളിനും കരയുമ്പോള്‍ 'ന്‍റെ കുട്ടിക്ക് പടച്ചോന്‍ തരുംട്ടാ'ന്നും പറഞ്ഞ് അണച്ച് പിടിച്ച് നെറുകയില്‍ വെല്ലിമ്മ പോയേ പിന്നെ ആരും മുത്തം തന്നിട്ടില്ല.പരിഭവങ്ങളൊത്തിരിയുണ്ട്ട്ടോ പടച്ചോനേ.ഹും കാണട്ടെ..

ബല്ലാത്ത മോഹം പടപ്പുകളേ...

പക്ഷേങ്കില് പിടിവിട്ടാലോ? ബുര്‍ജിനേക്കാൾ ഉയരത്തിലാണു സ്വപ്നങ്ങൾ..ഒരു ചിറകുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചാശിച്ച്‌ ഇന്ന് വട്ടാവും.ന്‍റുമ്മാക്കൊരു മുട്ടയിട്ടിട്ട് വിരിയിച്ചാല്‍ പോരായിരുന്നോ എന്നെ.എനിക്കും ചിറക് കിട്യേനായ്‌ര്ന്ന്..എത്ര കാലം തപസ്സ്‌ ചെയ്താലാണൊരു ചിറക്‌ മുളയ്ക്കുക! സുന്ദരരൂപവും വശ്യമനോഹര ശബ്ദവുമായൊരു ദേവത മുന്നില്‍ പ്രത്യക്ഷപ്പെട്ട്..'കൺകൾ തുറക്കൂ വത്സാ.എന്തു വേണം നിനക്ക്' എന്നൊരു ചോദ്യം.ആഹ്!

ചിറകുമുളച്ചവരേ..ഒന്നു സഹായിക്കുമോ ?

Saturday, August 31, 2013

ജനാധിപത്യ സം‌രക്ഷകര്‍ വരുന്നുണ്ട്

'ജനങ്ങള്‍ക്ക് നേരെയുള്ള സിറിയയുടെ രാസായുധപ്രയോഗത്തില്‍ ശക്കൊന്നുമില്ലെന്നും തെളിവുകള്‍ തങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്ത് വിടുമെന്നും അമേരിക്ക.' അങ്കക്കലി പൂണ്ട അങ്കിള്‍സാമിന്‍റെ ആരാച്ചാര്‍മാര്‍ സിറിയ ലക്ഷ്യമാക്കി നീങ്ങികഴിഞ്ഞു.

മാനവരാശിക്ക് 'ഭീഷണി ഉയര്‍ത്തി' ഇറാഖിന്‍റെ കൈവശമുണ്ടായിരുന്ന ജൈവരാസായുധ ശേഖരങ്ങളാണ് ഈ സമയം ഓര്‍മ്മ വരുന്നത്.ഇറാഖ് കിളച്ച് മറിച്ചതിന് ശേഷം വന്ന 'സദ്ദാമിന്‍റെ പക്കല്‍ രാസായുധങ്ങളുണ്ടെന്ന റിപ്പോര്‍ട്ടില്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന' അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കുമ്പസാരവും ഓര്‍ക്കുക. സിറിയ കത്തി ചാമ്പലായതിനും അവിടുത്തെ വിഭവങ്ങള്‍ ഊറ്റിയെടുത്തതിനും ശേഷം നിഷേധിക്കാന്‍ പോകുന്ന ടോയ്ലറ്റ് പേപ്പറിന്‍റെ പോലും വിലയില്ലാത്ത ഇത്തരമൊരു ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടായിരിക്യാം 'പുറത്ത് വിടുമെന്ന്' അമേരിക്ക വീമ്പിളക്കുന്നതെന്ന് സംശയിക്കുന്നതില്‍ ന്യായമുണ്ട്.അധിനിവേശത്തിന് പച്ചപ്പരവതാനി വിരിക്കാന്‍ സിറിയന്‍ പ്രതിപക്ഷമാണ് രാസായുധപ്രയോഗം നടത്തിയതെന്ന റിപ്പോര്‍ട്ടുകളും കൂട്ടി വായിക്കുക.

നരമേധത്തിന് പ്രസിഡന്‍റ് ഒബാമയുടെ അനുമതിക്ക് കാത്തു നില്‍ക്കുകയാണത്രെ അമേരിക്കന്‍ സൈന്യം. ഒരു സ്വതന്ത്ര്യരാഷ്ട്രത്തിനു മേല്‍ കടന്നു കയറാന്‍ ഒബാമയുടെ 'അനുമതി' മാത്രം മതിയോ ലോക പോലീസേ? സ്വന്തം താത്പര്യത്തിനനുസരിച്ച് ചുട്ടെടുക്കുന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടെന്ന വാറോലയുടെ പിന്തുണ മാത്രം മതിയാവുമോ? സിറിയയുടെ രാസായുധപ്രയോഗത്തിന് തെളിവുണ്ടെങ്കില്‍ തന്നെ അവരെ ശിക്ഷിക്കാന്‍ മാത്രം ധാര്‍മ്മികമായ എന്ത് യോഗ്യതയാണു ഈ ദുനിയാവിലെ ഏറ്റവും വലിയ തെമ്മാടികളായ നിങ്ങള്‍ക്കുള്ളത്?

സംസ്കാരങ്ങളുടെ കളിത്തൊട്ടിലായിരുന്ന ഒരു രാജ്യത്തെ മുച്ചൂടും നശിപ്പിച്ച്, ജനങ്ങളെ കൂട്ടക്കൊല ചെയ്ത്, അന്താരാഷ്ട്ര മര്യാദകളെല്ലാം കാറ്റില്‍ പറത്തി ഒരു ഭരണാധികാരിയെ കൊലപ്പെടുത്തി, ഇനിയൊരു തിരിച്ചു വരവിന് ശേഷിയില്ലാത്ത വിധം അഫ്ഘാനടക്കമുള്ള സ്വതന്ത്രരാഷ്ട്രങ്ങളെ ആഭ്യന്തരകലാപത്തിലേക്കും അരാജകത്വത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിട്ട്, അവരുടെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് ജീവിക്കുന്ന പരാന്ന ജീവികള്‍.,. ഹിരോഷിമയും നാഗസാക്കിയും വിയറ്റ്നാമും അവിടങ്ങളില്‍ വെന്തു ചത്ത മനുഷ്യമക്കളേയും അംഗവൈകല്യങ്ങളോടെ ഇന്നും പിറന്ന് കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളേയും മനുഷ്യകുലം പെട്ടെന്നങ്ങ് മറന്നു കളയുമെന്നാണോ ഈ മൂഢന്മാര്‍ കരുതുന്നത്!

ഇറാഖില്‍ ജനാധിപത്യ,മനുഷ്യാവകാശ സം‌രക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അങ്കിള്‍ സാമിന്‍റെ നാട്ടിലെ ചേച്ചി..
ദുരവസ്ഥ: സ്വന്തം ഭരണാധികാരിയുടെ വെടിയേറ്റ് ചാവണോ, അമേരിക്കയുടെ ക്ലസ്റ്റര്‍ / ക്രൂയില്‍ മിസൈലില്‍ പൊട്ടിച്ചിതറണോ! 'കണ്‍ഫ്യൂഷനിലാണത്രെ' സിറിയന്‍ ജനത.

Thursday, August 22, 2013

മാപ്പമ്മേ..

ഗര്‍ഭധാരണവും പ്രസവവേദനയുമൊക്കെ എന്താണെന്ന് ഇത് രണ്ടും അനുഭവിച്ചിട്ടില്ലാത്തവരടക്കം എഴുതിവെച്ച വരികളിലൂടെ മാത്രം വായിച്ചറിഞ്ഞ സത്യങ്ങളായിരുന്നു, നല്ല പാതി പകര്‍ന്ന് തരും വരെ.ഗര്‍ഭധാരണ കാലത്തെ വിവരണാതീതമായ ത്യാഗങ്ങളും ശരീരത്തിലെ എല്ലുകള്‍ മുഴുവന്‍ നുറുങ്ങിപ്പൊടിയുന്ന പ്രസവ വേദനയുടെ തീവ്രതയും ആഴവും നിര്‍‌വികാരതയോടെ വായിച്ച് തള്ളിയതിലും എത്രയോ മടങ്ങായിരുന്നു!

ഇന്നലെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത സമയം. കെട്ടിയവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നുണ്ട്.എന്താണിവള്‍ക്ക് ഇത്ര പെരുത്ത് സന്തോഷമെന്ന് അത്ഭുതം കൂറി! 'വാവയ്ക്ക് ഒരു ഇത്തിരിപ്പല്ലു കിളിര്‍ക്കുന്നുണ്ടെന്ന്' അവളുടെ മുലക്കണ്ണി ഒരു സുഖമുള്ള നോവോടെ മൊഴിഞ്ഞത്രെ! പ്രിയപ്പെട്ടവളുടെ സന്തോഷം താത്പര്യത്തോടെയും തെല്ലൊരു കൗതുകത്തോടെ കുറച്ചകലേക്ക് നീങ്ങിയിരുന്ന് വീക്ഷിച്ചു ഞാന്‍. .

രണ്ടാഴ്ച മുമ്പ്, നാട്ടിലുള്ള സമയം.ആറു മാസ പ്രായത്തിനിടക്ക് ആദ്യമായായിരുന്നു മോള്‍ക്ക് ഇത്രക്ക് കടുത്ത പനി വരുന്നത്. ഞരങ്ങുന്ന മോളെയും നെഞ്ചോട് ചേര്‍ത്ത് താരാട്ട് പാടി ഉള്ളം വിങ്ങിയെന്‍റെ നല്ല പാതി പ്രാര്‍ഥനയോടെ സമയം തള്ളിനീക്കിയെന്നും ഒന്നു രണ്ടു വട്ടം തട്ടിവിളിച്ചെങ്കിലും വകവെക്കാതെ സുഖനിദ്രയിലായിരുന്ന എന്നെ ഉണര്‍ത്താനുള്ള വിഷമത്താല്‍ ഉറക്കവും കയ്യില്‍ പിടിച്ചവള്‍ പുലരും വരെ ഇരുന്നെന്നും അറിഞ്ഞത് പ്രഭാത നമസ്കാരത്തിന് എഴുന്നേറ്റ സമയത്താണ്.തുടര്‍ന്ന് ഒരു പോള കണ്ണടക്കാത്ത എത്രയെത്ര ദിനരാത്രങ്ങള്‍ !മകളെ മുലയൂട്ടാനായി രാത്രിയില്‍ ഇടതടവില്ലാതെ അവള്‍ പിടഞ്ഞെഴുന്നേല്‍ക്കുന്നതും, ഉറങ്ങിപ്പോകുമോ എന്ന ഭയത്താല്‍ പലപ്പൊഴും ഉറങ്ങാതിരിക്കുന്നതും നവ്യാനുഭവങ്ങള്‍! !! !

ദിനേന പലവട്ടം വസ്ത്രങ്ങളും ശരീരവും നനക്കുന്ന അപ്പിയും മൂത്രവും വല്ലാത്തൊരു ക്ഷമയോടെ കഴുകി വൃത്തിയാക്കി മകളെ വാത്സല്യത്തോടെ പുത്തനുടുപ്പിക്കുന്ന അവളെവിടെ കിടക്കുന്നു, നിര്‍ത്താതെ ഒന്ന് കരയുമ്പൊഴേക്കും മുഷിയുന്ന ഞാനെവിടെ കിടക്കുന്നു. ഒരു വേള 'കുട്ടിയെന്താ എന്‍റേത് മാത്രമാണോടോ ചെങ്ങായീ' എന്ന് കെട്ടിയവള്‍ ചോദിച്ചു കളയുമോന്ന് വരെ ഞാന്‍ ശങ്കിച്ച് പോയെന്നത് കളവ് പറയുന്നതല്ല. അവളുടെ കരുതലിന്‍റേയും സ്നേഹത്തിന്‍റേയും നൂറിലൊരംശം കൊടുക്കാന്‍ എനിക്കാവുന്നില്ലെന്നത് വെറും ആറു മാസത്തെ ഒരഛനെന്ന നിലക്കുള്ള അനുഭവമാണ്.നീയത്ഭുതമാണമ്മേ..ദൈവത്തിനു മാത്രം അറിയുന്ന രഹസ്യവും!

'വല്ലാതെ കഷ്ടപ്പെട്ടാണെടാ നിന്നെ ഞാന്‍ വളര്‍ത്തിയത്' എന്ന എന്‍റെ പൊന്നുമ്മയുടെ പിണക്കസമയത്തെ പരിഭവം പറച്ചിലുകളെ ചിലപ്പോഴെങ്കിലും പരിഹാസത്തോടെ സമീപിച്ചിരുന്നോ ഞാന്‍ !  പടച്ചവനേ പൊറുക്കണേ...


പെറ്റമ്മ ഈ ലോകത്തോട് വിട പറഞ്ഞിട്ടും ഒരു മാസത്തോളം പുഴുവരിച്ച് കിടന്നിട്ടും ഏതാനും വാര മാത്രം അകലെയുള്ള ഡോക്ടര്‍ മകനും മകളുമറിഞ്ഞില്ലെന്ന വാര്‍ത്ത വായിച്ച ഞെട്ടല്‍ ഇതെഴുതുമ്പൊഴും മാറിയിട്ടില്ല.

വാത്സല്യത്തോടെ കോരിയെടുത്ത്‌ തെരുതെരെ ഉമ്മകള്‍ കൊടുത്ത പൊന്നുമക്കളുടെ കൈവിരലുകൾ, വിയര്‍പ്പ് പൊടിഞ്ഞ ചുളുവ്‌ വീണ നെറ്റിയിലൊന്ന് തൊട്ടിരുന്നെങ്കില്‍ ! വറ്റിവരണ്ട് വിറക്കുന്ന അധരങ്ങളെ ഒന്ന് നനച്ചിരുന്നെങ്കില്‍ ! കേള്‍ക്കുന്നുണ്ടോ അകലെ നിന്നും അമ്മേ... എന്നൊരു വിളി...

ഞരമ്പുകള്‍ വലിയുന്നുണ്ട്.കണ്ണുകളില്‍ ഇരുട്ട് കയറുന്നു.ഹൃത്തടം വല്ലാതൊന്ന് പിടഞ്ഞു.പത്ത് മാസം ചുമന്ന്, നൊന്ത് പെറ്റ്, മുലയൂട്ടി, ഒരു ചെറു ചൂട് കാണുമ്പൊഴേക്കും ഊണും ഉറക്കവും വിട്ട് കാവലിരുന്ന്, നെഞ്ചില്‍ ചേര്‍ത്ത് വെച്ച്, ഒറ്റയടിയില്‍ കുഞ്ഞുകാലു കുഴഞ്ഞ് വീഴുമ്പോള്‍ വാരിയെടുത്തുമ്മ വച്ചെന്‍ പൊന്നു മക്കളേ......

മാപ്പമ്മേ...

Sunday, January 27, 2013

വിശ്വരൂപത്തിന്‍ 'വിശ്വരൂപം'





അമേരിക്കന്‍ ഭീകര വിരുദ്ധ പദ്ധതികളെ കാര്യമായി പിന്തുണക്കുന്നതാണ് വിശ്വരൂപം എന്ന സിനിമ.ആന്‍റി ഇസ്ലാമിക് എന്നതിനേക്കാള്‍ ചിത്രത്തിന് ചേരുന്ന വിശേഷണം പ്രോ അമേരിക്കന്‍ എന്നതാണ്.പ്രൊ അമേരിക്കന്‍ സമം ഇസ്ലാമിക വിരുദ്ധത എന്ന സമവാക്യമാണു കുഴപ്പങ്ങളെ കഠിനമാക്കുന്നത്.വിശ്വരൂപം എന്ന ചിത്രത്തില്‍ അമേരിക്കയുടെ ഭീകരതക്കെതിരായ ആഗോളയുദ്ധത്തിന് പൂര്‍‌ണ്ണ പിന്തുണ നല്‍കുന്ന കമല്‍ ഹാസനെയാണ് കാണാന്‍ കഴിയുക.എഴുത്തിലായാലും കഥാപാത്ര സൃഷ്ടിയിലായാലും വിശ്വരൂപം ഒരുക്കിയ കമല്‍ അമേരിക്കയോട് ചേര്‍ന്ന് നില്‍ക്കുന്നു.

താന്‍ കമല്‍ ഹാസനാണോ കമാല്‍ ഹസ്സനാണോ എന്ന കാര്യത്തില്‍ പോലും ഒരു തരം ഇരട്ടസ്വഭാവത്തിന്‍റെ ലീല പുലര്‍ത്തുന്ന കമല്‍ ഹാസന്‍ പ്രത്യക്ഷ തലത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷ ഇസ്ലാം അവസ്ഥയുടെ രാഷ്ട്രീയ നിസ്സഹായതയോട് അനുഭാവം പുലര്‍ത്തുന്ന വ്യക്തിയാണ്.അതിനു പുറമെ മതനിരപേക്ഷ ജീവിതം നയിക്കുന്ന ഇടതുരാഷ്ട്രീയ വീക്ഷണമുള്ള ആളുമാണ് കമല്‍.പക്ഷേ ശീലങ്ങളുടെ അബോധ പ്രകടനങ്ങളാകാം  അദ്ധേഹത്തിന്‍റെ ചിത്രങ്ങളില്‍ സൂക്ഷ്മ തലത്തില്‍ സ്വന്തം വിചാരധാരക്ക് തന്നെ വിപരീതമായ അവസ്ഥ സൃഷ്ടിക്കുന്നത്.അതു കൊണ്ടാകാം ആത്യന്തികമായി ഇന്ത്യ അമേരിക്ക സം‌യുക്ത നേതൃത്വത്തിലുള്ള ഇസ്ലാമിക് ഭീകരവേട്ടയുടെ വിശദാംശങ്ങളായിത്തീരുന്നുണ്ട് വിശ്വരൂപം.ഇരു രാജ്യങ്ങളുടേയും സം‌യുക്ത സേനാഭ്യാസങ്ങള്‍ അരങ്ങേറുന്ന കാലത്ത് ഈ പ്രമേയം ആഴത്തിലുള്ള ആശങ്കകള്‍ സൃഷ്ടിക്കുക തന്നെയാണ് ചെയ്യുന്നത്.

തന്‍റെ ചിത്രത്തില്‍ ഇസ്ലാമിക വിരുദ്ധതയുടെ രാഷ്ട്രീയം ഇല്ലെന്ന് കമല്‍ ഉറപ്പിച്ച് വാദിക്കുമ്പോഴും ചിത്രം ഫലത്തില്‍ കുഴപ്പം നിറഞ്ഞതാകുന്നത് അങ്ങനെയാണ്.വിശ്വമെന്ന അപരനാമത്തില്‍ കഴിയുന്ന വിശാം പള്ളിയില്‍ നമസ്കരിക്കാന്‍ ഒളിച്ചു കയറുന്ന രംഗം ചിത്രത്തിലുണ്ട്.മുസ്ലിം ഐഡന്‍റിറ്റി എന്നത് ഒളിച്ചു വെക്കേണ്ട ഒന്നാണെന്ന തരത്തിലാണ് ഈ കഥാപാത്രത്തെ സൃഷിച്ചിരിക്കുന്നത്.ഷാരൂഖ് ഖാന്‍റെ 'മൈ നെയിം ഖാനിലെ' മുഖ്യ കഥാപാത്രം താനൊരു മുസ്ലിം ഭീകരവാദിയല്ല എന്ന് തെളിയിക്കുന്നത് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ മുന്നിലെത്തി 'ആം എ മുസ്ലിം ബട്ട് നോട്ട് ടെറ‌റിസ്റ്റ്' എന്നു വിളിച്ചു പറഞ്ഞു കൊണ്ടാണ്.ഓരോ മുസ്ലിമും താനൊരു ഭീകരവാദിയല്ലെന്ന് അമേരിക്കയെ ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്നാണ് ആ ചിത്രം പറയുന്നത്.

ആ കഥാപാത്രത്തില്‍ നിന്ന് ആശയപരമായി വ്യത്യസ്തനല്ല കമലിന്‍റെ വിശ്വരൂപനും.ഒരു മുസ്ലിമായതിനാല്‍ മറ്റേതൊരു സമുദായക്കാരനേക്കാളും ദേശാഭിമാനവും ഇസ്ലാമിക ഭീകരതയോടുള്ള എതിര്‍പ്പും പ്രദര്‍ശിപ്പിക്കേണ്ടി വരുന്ന ഇന്ത്യന്‍ മുസ്ലിം തന്നെയാണു കമലിന്‍റെ കഥാപാത്രം.

രക്ഷകനായ വിരാട് പുരുഷന്‍.ഈയൊരു പാത്ര സൃഷ്ടിയുടെ സ്വഭാവമാണ് കമല്‍ എന്ന താരത്തിന്‍റെ പൊതുഭാവം. 'സത്യ' യിലെ ദുര്‍ബലനെങ്കിലും പ്രതികാരദാഹിയായ ചെറുപ്പക്കാരനോ, 'അവ്വൈ ഷണ്മുഖി'യിലെ ഗതി കെട്ട ഭര്‍ത്താവോ, 'മഹാനദി'യിലെ പാവം അഛനോ, എക്സിട്ര... ഒക്കെയായി പകര്‍ന്നാടിയിട്ടുണ്ടെങ്കിലും തന്‍റെ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊക്കെയും അദ്ധേഹം അതിജീവനശാലിയായ രക്ഷാപുരുഷ വേഷം അണിയുന്നു.ഇന്ത്യനിലെ ബോസ് കഥാപാത്രമായാലും ദശാവതാരത്തിലെ രാമസ്വാമിയായാലും വിശ്വരൂപത്തിലെ വിശ്വനായാലും ലോക രക്ഷകന്‍ തന്നെയായി മാറുന്നുണ്ട് കമല്‍.അതു കൂടി ചേര്‍ത്താണ് അദ്ധേഹത്തെ ആദ്യം അദ്ധേഹവും പിന്നെ ആരാധകരും 'ഉലകനായകന്‍' എന്ന് വിളിക്കുന്നത്.

ഉലകനായകന്‍ എന്ന് വിളിക്കപ്പെടുന്നത് കമലാണോ അതോ അമേരിക്കന്‍ പ്രസിഡന്‍റാണോ? ഈയൊരു സന്ദേഹം മറ്റാരേക്കാളും കൂടുതലുള്ളത് കമലിനു തന്നെയാണ്.ദശാവതാരത്തിന്‍റെ അവസാന രംഗങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷിനെ അവതരിപ്പിക്കുമ്പോഴാണ് 'ഉലകനായനേ' എന്ന ഗാനം ഉയരുന്നുവെന്നത് ശ്രദ്ധേയം.അറിയാതെയെങ്കിലും കമലില്‍ പടരുന്ന അമേരിക്കന്‍ താത്പര്യം ദശാവതാരത്തില്‍ നിന്നും വിശ്വരൂപത്തിലേക്കും കടന്നു കയറുന്നു.ദശാവതാരത്തിന്‍റെ പ്രത്യേക ഷോ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷിനെ കാട്ടുവാന്‍ കമല്‍ താത്പര്യമെടുത്തിരുന്നു.ഇന്നിപ്പോള്‍ വിശ്വരൂപത്തിന്‍റെ ആദ്യ പ്രദര്‍ശനം കമല്‍ ഒരുക്കിയതും അമേരിക്കയിലാണു.പല നിലക്കും വിശ്വരൂപം ദശാവതാരത്തിന്‍റെ തുടര്‍ച്ചയാകുന്നതിന്‍റെ സൂചനയാണിത്.

പക്ഷേ സിനിമക്കെതിരായി ഇസ്ലാമിക സംഘടനകള്‍ തെരുവിലിറങ്ങുമ്പോള്‍ ചിത്രവും അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും കൂടുതല്‍ പ്രസക്തതമാവുന്നു.ഇസ്ലാമിക തീവ്രവാദത്തെ പറ്റി  ഒന്നും തന്നെ ആരും പറയാനേ പാടില്ലെന്ന് പ്രതിഷേധങ്ങള്‍ സൂചിപ്പിക്കുന്നുണ്ടോ? തീവ്രവാദവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിയുകയും അതിനെ രാഷ്ട്രീയമായി അഭിമുഖീകരിക്കുകയുമാണ് വേണ്ടത്.എന്ത് കൊണ്ട് ഇസ്ലാമിക തീവ്രവാദം രൂപം കൊള്ളുന്നു.എങ്ങനെ അത് വളരുന്നു എന്ന് വിശകലനം ചെയ്യാനും പരസ്പരം സ്നേഹത്തിലൂന്നിയ ജീവിതം മാത്രമേ ഭാവിയില്‍ മനുഷ്യന് രക്ഷക്കെത്തൂ എന്ന് അടിവരയിട്ട് പറയാനും ചിത്രം ശ്രമിക്കുന്നുണ്ട്.

പക്ഷേ കമലിന്‍റെ മാനവികാ വാദങ്ങളൊക്കെ ഹിന്ദുവായി രൂപം മാറുന്ന ഇസ്ലാമാണ് സെക്യുലര്‍ ഇസ്ലാമെന്ന അബോധത്തില്‍ ഛിന്നഭിന്നമാകുന്നു.അമേരിക്കയാണ് ലോകരക്ഷകനെന്ന സന്ദേശമാണ് ചിത്രം പകരുന്നതെന്നത് കമലിന്‍റെ വാദങ്ങളെ കൂടുതല്‍ ദുര്‍ബലമാക്കുന്നു.വിശ്വരൂപത്തെ എതിര്‍ക്കുന്നവര്‍ ഈ ചിത്രം കാണുക തന്നെ വേണം.ആട്ടം കഥ അറിഞ്ഞാവട്ടെ.

(ഇങ്ങനേയും റിവ്യൂ ആകാമെന്ന് റിപ്പോര്‍ട്ടര്‍ ടി.വി. അപൂര്‍ണ്ണം.എഴുതി നടുവൊടിഞ്ഞത് കൊണ്ട് നിര്‍ത്തുന്നു.ബാക്കി യൂട്യൂബില്‍ വരുമ്പോള്‍ കാണുക)

LinkWithin

Related Posts with Thumbnails